മൊഞ്ചുള്ള ചുണ്ടുകൾക്കായി - Lips care Tips

ചുവന്ന്, രൂപഭംഗിയാർന്ന ചുണ്ടുകൾ യുവത്വത്തിൽ ഊർജ്ജസ്വലതയുടെയും വ്യക്തിപ്രഭാവത്തിന്റെയും പ്രതിഫലനമാണ്. മുഖലാവണ്യത്തിന് ചുണ്ടുകളുടെ ആകർഷണീയത ഒരു പ്രധാനഘടകം തന്നെയാണ്.
യൗവ്വനകാലത്ത് തുടുത്ത്, തൊണ്ടിപ്പഴം പോലെ ചുവന്നിരിക്കുന്ന ചുണ്ടുകൾ പ്രായമേറുമ്പോൾ കട്ടികുറഞ്ഞ്, അയഞ്ഞ്, നീളംകൂടി കീഴ്പോട്ടേയ്ക്ക് ഇറങ്ങുകയും ചെയ്യുന്നു. ഇത് പുഞ്ചിരിയുടെ വശ്യതയ്ക്ക് ഭംഗം വരുത്തുകയും, പല്ലുകളെ മറയ്ക്കുകയും ചെയ്യുന്നു. ചുണ്ടുകളെ വശ്യമനോഹരമാക്കാൻ പല പുതു സൗന്ദര്യ ചികിത്സാമാർഗ്ഗങ്ങളും ഇപ്പോൾ നിലവിലുണ്ട്.  ചുണ്ടുകളെ ബാധിക്കുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങൾ ഇവയൊക്കെയാണ്. 
1. ചുണ്ടിന്റെ കറുപ്പ് ബാധ
നിരന്തരം വെയിൽ ഏൽക്കുന്നത്, മദ്യം, കാപ്പി ഇവയുടെ ഉപയോഗം, പുകവലി, ചിലതരം ലിസ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അലർജി ഇവയൊക്കെ ചുണ്ടുകളിൽ കരുവാളിപ്പ് ഉണ്ടാക്കുന്നു. മേൽപ്പറഞ്ഞ കാരണഹേതുക്കൾ നിവാരണം ചെയ്തും , പതിവായി ചുണ്ടുകളിൽ "വാസിലിൻ' ക്രീം ഉപയോഗിച്ച് മസ്സാജ് ചെയ്തും കറുപ്പ് ബാധ അകറ്റാനാകും. വളരെ കറുത്ത ചുണ്ടുകൾക്ക് ചിലതരം വെളുപ്പിക്കൽ ക്രീമുകൾ (Lightening Cream) ഉപയോഗിച്ചും നിറം വീണ്ടെടുക്കാവുന്നതാണ്.
2. ചുളിവുവീണ ചുണ്ടുകൾ 
 പ്രായാധിക്യത്താൽ ശോഷിച്ചതും, ചുളുങ്ങിയതുമായ ചുണ്ടുകൾ, ചില കുത്തിവയ്പ്പുകൾകൊണ്ട് തുടുപ്പിച്ചെടുക്കാനാവും. നിരുപദ്രവകാരിയായ ഫില്ലർ കുത്തിവയ്ക്കപ്പുകൾ ചുണ്ടിനുള്ളിലേക്ക് നിർവ്വഹിക്കുന്നതുവഴി ചുണ്ടുകളെ വീണ്ടും പരിപോഷിപ്പിച്ച്, മാംസളമാക്കാൻ കഴിയും. ഇത്തരം കുത്തിവയ്പ്പുകളുടെ ഫലം ഏകദേശം രണ്ടു വർഷത്തോളം നിലനിൽക്കുന്നതാണ്.
ഒരു കാലത്ത് യുവതികൾക്ക് നേർത്ത ചുണ്ടുകളായിരുന്നു അഭികാമ്യമെങ്കിൽ ഇപ്പോൾ നിലവിലുള്ള ഫാഷൻ സങ്കൽപ്പങ്ങളിൽ തടിച്ച ചുണ്ടുകളോടാണ് യുവതികൾക്ക് പ്രതിപത്തിയുള്ളത്. വെള്ളിത്തിരയിൽ മിന്നിതിളങ്ങുന്ന പല യുവനായികമാരുടെയും ലേശം തടിച്ച ആകർഷകമായ ചുണ്ടുകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത് ഇത്തരം "ഫില്ലർ' കുത്തിവയ്പ്പുകൾ തന്നെയാണ്. കുത്തിവച്ചുകഴിഞ്ഞാൽ ഉടൻതന്നെ രൂപമാറ്റം പ്രകടമായി കാണാൻ കഴിയുന്നതാണ്. 
3. ലിപ്പ് ലിഫ്റ്റ്
മദ്ധ്യവയസ്കരിൽ അപചയം സംഭവിച്ച് താഴേയ്ക്ക് ഇറങ്ങിയ ചുണ്ടുകളെ ശസ്ത്രക്രിയവഴി പുനരുദ്ധരിച്ച് മുകളിലേക്ക് ഉയർത്തി, മാംസളമാക്കുന്ന ചികിത്സാപ്രക്രിയയാണ് "ലിപ്പലിഫ്റ്റ്'. ഈ ശസ്ത്രക്രിയ മൂക്കിനടിയിലൂടെയാണ് നിർവ്വഹിക്കുന്നത്, ഇതുമൂലം ഉണ്ടാകുന്ന പാടിനെ മൂക്കിന്റെ അടിഭാഗത്തും പാർശ്വഭാഗത്തും ഒളിപ്പിച്ച് അദശ്യമാക്കാൻ സാധിക്കുന്നതാണ്.
4. വലിപ്പം കുറയ്ക്കാൻ
തടിച്ച് അധികവലിപ്പമുള്ള ചുണ്ടുകളെ ശസ്ത്രക്രിയ വഴി നേർത്തതാക്കി മാറ്റാൻ കഴിയും. വായ്ക്കുള്ളിലൂടെയാണ് ഇത്തരം ശസ്ത്രക്രിയകൾ നിർവ്വഹിക്കുന്നത്. ഇതുമൂലം പ്രകടമായ പാടുകൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ല. 
5. വികൃതമായ ചുണ്ടുകൾ 
 മുച്ചുണ്ട്, അപകടങ്ങൾ, അർബുദബാധ, വെള്ളപാണ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ മൂലം വികൃതമായ ചുണ്ടുകളെ പ്ലാസ്റ്റിക്ക് സർജറി വഴി പുനർനിർമ്മിച്ച് രൂപഭംഗി വീണ്ടെടുക്കാനാവും. ചിലപ്പോൾ ഒന്നിലധികം തവണ, ഘട്ടങ്ങളിലൂടെ നിർവ്വഹിക്കുന്ന ശസ്ത്രക്രിയകൾ വഴിയാണ് ഇവയ്ക്കുള്ള പ്രശ്നപരിഹാരം സാദ്ധ്യമാവുന്നത്.  വെള്ളപാണ്ഡ് (vitiligo) ബാധിച്ച ചുണ്ടിന്റെ ഭാഗങ്ങളിലുള്ള ചർമ്മത്തെ നീക്കം ചെയ്തശേഷം അവിടെ പുതു ചർമ്മം വച്ചുപിടിപ്പിക്കുന്ന ചികിത്സാരീതിയും ഫലവത്തായി ചെയ്തുവരുന്നുണ്ട്.
6. കോടിയ ചുണ്ടുകൾ
പേശികളുടെ ബലക്ഷയവും, ഞരമ്പുകളുടെ ക്ഷതങ്ങളും മൂലം കോടലുണ്ടായ ചുണ്ടുകളെ ശസ്ത്രക്രിയകൾ വഴി പ്രവർത്തനക്ഷമമാക്കാനും സാദ്ധ്യമാണ്.
പോഷകമൂല്യമുള്ള ആഹാരങ്ങൾ കഴിച്ചും ദുശ്ശീലങ്ങൾ വെടിഞ്ഞും ശരിയായ പരിപാലനം വഴിയും, ലഘുവായ സൗന്ദര്യചികിത്സകൾ വഴിയും ചുണ്ടുകളുടെ ആകർഷണീയത നിലനിർത്താനാകും എന്ന കാര്യവും അറിയുക.

Post a Comment

0 Comments